ടെക് ലോകത്തെ വമ്പൻ വിപ്ലവങ്ങളിൽ ഒന്നായിരുന്നു ഗൂഗിൾ മാപ്സ്. ഏത് പാതിരാത്രിയിലും മനുഷ്യനെ സഞ്ചരിക്കാൻ പ്രാപ്തമാക്കിയതിൽ ഈ മൊബൈൽ ആപ്പിന് വലിയ പങ്കാണുള്ളത്. സഹായി എന്നതിനൊപ്പം ഇടക്ക് പണിതരുന്ന ആപ്പ് കൂടിയാണ് മാപ്സ്. മാപ്സ് വഴതെറ്റിച്ച് മരണത്തിലേക്ക് എത്തിച്ചവരും ഉണ്ട്. ഇപ്പോഴിതാ മാപ്സിൽ പുതിയൊരു ഫീച്ചർകൂടി ഉൾപ്പെടുത്തിയിരിക്കുകയാണ് കമ്പനി.

‘സേവ് ഫ്യുവൽ’ എന്ന ഫീച്ചറാണ് ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ ഇന്ധനക്ഷമത ലഭിക്കാൻ വാഹനത്തെ സഹായിക്കുന്നതാണ് ഈ ഫീച്ചർ. അമേരിക്കയിലെയും കാനഡയിലെയും യൂറോപ്പിലെയും ഉപയോക്താക്കൾക്കായി 2022 സെപ്റ്റംബറിലാണ് സേവ് ഫ്യുവൽ ഫീച്ചർ ആരംഭിച്ചത്.

ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്യുന്നോടെ മാപ്സ് നമ്മുക്ക് സഞ്ചരിക്കാനുള്ള വ്യത്യസ്ത റൂട്ടുകൾക്കുള്ള ഇന്ധനമോ ഊർജ്ജ ഉപഭോഗം കണക്കാക്കും. തത്സമയ ട്രാഫിക് അപ്‌ഡേറ്റുകളും റോഡ് അവസ്ഥകളും വിശകലനം ചെയ്താണിത് സാധ്യമാക്കുന്നത്. തുടർന്ന് ഏറ്റവും മികച്ച ഇന്ധനക്ഷമത ലഭിക്കുന്ന റൂട്ട് ഈ ഫീച്ചർ നിർദേശിക്കും.

‘ഫ്യുവൽ സേവിങ്’ ഫീച്ചർ ആക്ടിവേറ്റ് ചെയ്യാം

ഘട്ടം 1: Google Maps തുറന്ന് നിങ്ങളുടെ പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്യുക.

ഘട്ടം 2: സെറ്റിങ്സിൽ നാവിഗേഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 3: “റൂട്ട് ഓപ്ഷനുകൾ” കണ്ടെത്തി ഇന്ധനക്ഷമതയുള്ള റൂട്ടിംഗ് തിരഞ്ഞെടുക്കുക.

ഘട്ടം 4: നിർദ്ദേശങ്ങൾ മികച്ചതാക്കാൻ എഞ്ചിൻ തരത്തിന് കീഴിൽ നിങ്ങളുടെ എഞ്ചിൻ തരം(പെട്രോളോ ഡീസലോ ഇലക്ട്രിക്കോ) വ്യക്തമാക്കുക.

നമ്മുടെ വാഹനത്തിൽ ഏത് ഇന്ധനമാണ് ഉപയോഗിക്കുന്നത് എന്ന ഇൻപുട്ട് നൽകാനും അതിലൂടെ കൂടുതൽ കൃത്യമായ വിവിരം ലഭ്യമാക്കാനും ഫ്യുവൽ സേവിങ് ഫീച്ചറിൽ ഓപ്ഷനുണ്ട്. വ്യാപകമായ ഉപയോഗം കണക്കിലെടുത്ത് ഗൂഗിൾ പെട്രോളിനെ ഡിഫോൾട്ട് എഞ്ചിൻ ചോയിസായാണ് ക്രമപ്പെടുത്തിയിരിക്കുന്നത്.