കാസർക്കോട് ജില്ല
1984 മെയ് 24 നാണ് ഒരു നിലവിൽ വന്നത്.
അവിഭക്ത കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്ന ഹോസ്ദുർഗ് ,കാസർക്കോട് എന്നീ താലൂക്കുകളെ ഉൾപ്പെടുത്തിയാണിത്
രൂപീകരിച്ചത്.

കേരളത്തിന്റെ കിരീടമെന്ന് വിശേഷിപ്പിക്കുന്ന
ഈ നാട് ബഹുഭാഷ സംഗമഭൂമി, അധിനിവേശത്തിൻ്റേയും പ്രതിരോധത്തിൻ്റെയും ചരിത്ര സാക്ഷ്യങ്ങളായ കൊട്ടത്തളങ്ങൾ, നവീനശിലായുഗ സംസ്കാരത്തിൻ്റെ അവശേഷിപ്പുകളായ ചെങ്കല്ലറകൾ, നന്നങ്ങാടികൾ, മുനിയറകൾ, പ്രാചീനഭരണ രീതികൾ വിളംബരം ചെയ്യുന്ന ശിലാശാസനങ്ങൾ, മലനാടും ഇട നാടും, തീരപ്രദേശവും ചേരുന്ന ഹരിതാഭയാർന്ന ഭൂപ്രകൃതി, സവിശേഷമായ ആചാരാനുഷ്ഠാനങ്ങൾ തുടങ്ങിയവയോടൊപ്പംഭാഷകളുടേയും സംസ്കാരത്തിൻ്റേയും
കൊടുക്കൽ വാങ്ങലുകൾക്ക് പെരുമ കുടിയുള്ള പ്രദേശമാണ്‌. ഏഴിൽക്കൂടുതൽ വ്യത്യസ്ത ഭാഷകൾ ഇവിടെ സംസാരിക്കുന്നു. മലയാളം ഔദ്യോഗികഭാഷയായി ഉപയോഗിക്കുന്നുണ്ടെങ്കിലും കന്നട, തുളു, കൊങ്കണി, ബ്യാരി, മറാത്തി, കൊറഗഭാഷ, തമിഴ്, ഹിന്ദി എന്നീ ഭാഷകൾ സംസാരിക്കുന്നവർ നിരവധിയാണ്. മലയാളഭാഷയുടെ കാസറഗോഡ് വകഭേദം തനിമയുള്ളതാണ്. തുളു, കന്നഡ ഭഷകളുടെ സ്വാധീനം ഈ പ്രത്യേക ഭാഷാഭേദത്തെ രൂപപ്പെടുത്തി.

ചെറുതും വലുതുമായ നിരവധി കോട്ടകൾ കാസറഗോഡ് ജില്ലയുടെ പ്രത്യേകതയാണ്‌. ബേക്കൽ, ചന്ദ്രഗിരി, ഹോസ്‌ദുർഗ്, കുമ്പള, പനയാൽ, കുണ്ടങ്കുഴി, ബന്തഡുക്ക തുടങ്ങിയ സ്ഥലങ്ങളിലുള്ള കോട്ടകൾ ഈ പ്രദേശത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെ കാണിക്കുന്നു. കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ എണ്ണം നദികൾ കാസറഗോഡാണുള്ളത്. കൂർഗിലെ പട്ടിമലയിൽ നിന്നും ആരംഭിച്ച് തളങ്കരയിൽ വെച്ച് സമുദ്രത്തോടു ചേരുന്ന 105 കിലോമീറ്റർ നീളമുള്ള ചന്ദ്രഗിരിപ്പുഴ (പയസ്വിനി) യടക്കം പന്ത്രണ്ട് നദികൾ കാസറഗോഡ് ജില്ലയിലുണ്ട്. ചന്ദ്രഗുപത സാമ്ര്യാജ്യത്തിന്റെ അധിപതിയായിരുന്ന ചന്ദ്രഗുപ്ത മൗര്യൻ കൊട്ടാരം വിട്ട് ജൈനസന്യാസിയായി തന്റെ അവസാന നാളുകൾ ചെലവഴിച്ചിരുന്നത് ഈ പ്രദേശത്തായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. അതിൽ നിന്നുമാണ്‌ ചന്ദ്രഗിരിപ്പുഴയ്‌ക്ക് ആ പേരു കിട്ടിയതെന്നു വിശ്വസിക്കുന്നു. 64 കിലോമീറ്റർ നീളമുള്ള, കാര്യങ്കോട് പുഴയാണ്‌ നീളത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത്.

ബേക്കൽ കോട്ട, നിത്യാനന്ദാശ്രമം, റാണിപുരം, കോട്ടഞ്ചേരി മലനിരകൾ, ആനക്കല്ല് വെള്ളച്ചാട്ടം, എടക്കാനം വെള്ളച്ചാട്ടം, പള്ളിക്കര ബീച്ച്, തേൻ വാരിക്കല്ല് വെള്ളച്ചാട്ടം എന്നിവയാണ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ.

ഇന്ത്യാ ചരിത്രത്തിൽ പ്രധാന സ്ഥാനം നേടിയ പ്രദേശമാണ് ഈ ജില്ലയിലെ നീലേശ്വരം.
ഏഷ്യയിലാദ്യമായി കമ്യൂണിസ്റ്റ് പാർട്ടി ബാലറ്റ് പേപ്പറിലൂടെ കേരളത്തിൽ അധികാരത്തിലെത്തിയപ്പോൾ ഇ .എം .എസ് . 1957 ൽ മത്സരിച്ചു ജയിച്ച മണ്ഡലമാണിത്. ഇവിടെ നിന്നു ജയിച്ച ഇദ്ദേഹം കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ മുഖ്യമന്ത്രിയാവുകയും ചെയ്തു.