ഒരു കാര്യവുമില്ലാതെ യുട്യൂബ് വിഡിയോകള്‍ കണ്ടുപോവുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. നമ്മള്‍ തിരഞ്ഞു പോവുന്ന വിഡിയോകളും യുട്യൂബ് തിരഞ്ഞെടുത്ത് നല്‍കുന്ന വിഡിയോകളും ഇക്കൂട്ടത്തിലുണ്ടാവും. എപ്പോഴെങ്കിലും യുട്യൂബിലുള്ള മുഴുവന്‍ വിഡിയോകളും നിങ്ങള്‍ക്ക് കണ്ടു തീര്‍ക്കാനാവുമോ എന്നു ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ ചിന്തിക്കുക മാത്രമല്ല അതിനെത്ര സമയമെടുക്കുമെന്നു വരെ കണക്കുകൂട്ടിയിരിക്കുന്നവരുമുണ്ട്.
ഒരു മിനുറ്റില്‍ യുട്യൂബില്‍ എത്ര വിഡിയോകളാണ് അപ്‌ലോഡു ചെയ്യുന്നതെന്ന് അറിയുമോ? 2,500 വിഡിയോകള്‍. അതുകൊണ്ടുതന്നെ ഒരാള്‍ക്കു മാത്രം ഒരു ജീവിതകാലത്ത് യുട്യൂബിലെ വിഡിയോകള്‍ കണ്ടു തീര്‍ക്കാനാവില്ലെന്ന കാര്യം ആദ്യമേ തിരിച്ചറിയണം. നമ്മള്‍ വിഡിയോ കാണുന്ന ഓരോ മിനുറ്റിലും 2500 വിഡിയോവീതം പുതുതായി അപ്‌ലോഡു ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ ആ ലക്ഷ്യം അസാധ്യമാവുന്നു.
ഇനി പുതുതായി അപ്ലോഡ് ചെയ്യുന്ന വിഡിയോകള്‍ തല്‍സമയം കണ്ടു തീര്‍ക്കണമെങ്കില്‍ എത്ര മനുഷ്യര്‍ വേണമെന്നു കണക്കുകൂട്ടി നോക്കിയാലോ. ശരാശരി 11.7 മിനുറ്റ് ദൈര്‍ഘ്യമുള്ള വിഡിയോകളാണ് യുട്യൂബില്‍ അപ്‌ലോഡു ചെയ്യുന്നത്. ഇതുവെച്ച് ഇപ്പോള്‍ അപ്‌ലോഡു ചെയ്യുന്ന വിഡിയോകള്‍ അപ്പോള്‍ തന്നെ കണ്ടു തീര്‍ക്കാന്‍ 29,250 മനുഷ്യര്‍ തുടര്‍ച്ചയായിരുന്ന് വിഡിയോ കാണേണ്ടി വരും.
ഇനി ഇതുവരെ യുട്യൂബില്‍ അപ്‌ലോഡു ചെയ്ത വിഡിയോകളെ അടിസ്ഥാനമാക്കി കണക്കുകൂട്ടി നോക്കായോലോ. അങ്ങനെയൊരു കണക്കുകൂട്ടലാണ് wyzowl എന്ന വെബ്‌സൈറ്റ് നടത്തിയിട്ടുണ്ട്. ഇതുവരെ യുട്യൂബില്‍ 80 കോടിയിലേറെ വിഡിയോകള്‍ അപ്‌ലോഡു ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഈ മൊത്തം വിഡിയോകളുടെ ശരാശരി ദൈര്‍ഘ്യമാണ് 11.7 മിനുറ്റ്. 936 കോടി മിനുറ്റ് ദൈര്‍ഘ്യമുള്ള വിഡിയോകള്‍ യുട്യൂബില്‍ അപ്‌ലോഡു ചെയ്തിട്ടുണ്ടെന്നാണ് wyzowl കണക്കുകൂട്ടി പറയുന്നത്. ഇത്രയും മിനുറ്റുകളെന്നത് 15.6 കോടി മണിക്കൂറുകളോ അല്ലെങ്കില്‍ 65 ലക്ഷം ദിവസമോ അല്ലെങ്കില്‍ 17,810 വര്‍ഷമോ എന്നും പറയാം.
നൂറു സ്‌ക്രീനുകളില്‍ തുടര്‍ച്ചയായി യുട്യൂബ് വിഡിയോകള്‍ കണ്ടാല്‍ പോലും 178 വര്‍ഷം തുടര്‍ച്ചയായി കാണേണ്ടി വരും ഇത്രയും ദൈര്‍ഘ്യമുള്ള വിഡിയോകള്‍ കണ്ടു തീര്‍ക്കാന്‍. ചുരുക്കം പറഞ്ഞാല്‍ യുട്യൂബിലെ എല്ലാ വിഡിയോകളും ഒരു മനുഷ്യന് കണ്ടു തീര്‍ക്കുക അസാധ്യമാണ്.
0 Comments
Thanks