'ഇഡിയറ്റ് രോഗലക്ഷണങ്ങൾ' ( IDIOT SYNDROME) എന്നാൽ മണ്ടത്തരത്തിന്റെ പ്രത്യേക ലക്ഷണങ്ങൾ എന്നോ മണ്ടത്തരം ഒരു രോഗമാണെന്നോ അർഥമില്ലായെന്ന് ആദ്യമേ തന്നെ പറഞ്ഞുകൊള്ളട്ടെ. Internet Derived Information Obstructing Treatment എന്നതിന്റെ ചുരുക്കപ്പേരാണിത്. അതായത് രോഗത്തേയും രോഗലക്ഷണങ്ങളേയും ചികിത്സയേയും കുറിച്ചുള്ള വിവരങ്ങൾ നെറ്റിൽ പരതി സ്വയം ചികിൽസയ്ക്കു മുതിരുന്ന പ്രവണതയാണിത്. 
ഇഡിയറ്റ് എന്ന വാക്കുമായി ബന്ധമൊന്നുമില്ലെങ്കിലും ഒരു തരത്തിൽ പറഞ്ഞാൽ ഇതൊരു ആനമണ്ടത്തരത്തിന്റെ ലക്ഷണം തന്നെയാണ്. കാരണം ഇത്തരമൊരു മാനസികാവസ്ഥ പലരേയും വലിയ അപകടങ്ങളിലെത്തിക്കുന്നതിന്റെ നിരവധി ദൃഷ്ടാന്തങ്ങൾ മുൻപിലുമുണ്ട്. പലവിധ രോഗങ്ങൾ പിടിമുറുക്കുന്ന ഈ കാലത്ത് ഡോക്ടർമാർ ഗൗരവമായ മുന്നറിയിപ്പാണ് ഈ പ്രശ്നത്തിൽ നൽകുന്നത്.ഗൂഗിളിൽ വിവരങ്ങൾ പരതിയുള്ള സ്വയംചികിൽസ രോഗങ്ങൾ സങ്കീർണമാക്കുന്നു എന്നാണ് ഡോക്ടർമാർ പറയുന്നത്.

രോഗവിവരങ്ങളാൽ നിറഞ്ഞ ഇന്റെർനെറ്റ്

വിവിധ രോഗങ്ങളെയും ചികിൽസയെയും സംബന്ധമായ വിവരങ്ങൾ വിശദമായി ഇന്റർനെറ്റ് പരതിയാൽ കിട്ടും.ആധികാരികമായ വിവരങ്ങളും തെറ്റായ പ്രചരണങ്ങളും ഒരേപോലെ വിരൽത്തുമ്പിൽ ലഭ്യമാണ്. Misinformation അഥവാ തെറ്റായ വിവരങ്ങൾ പ്രചരിക്കപ്പെടുന്നത് വാക്സിനേഷൻ ഉൾപ്പടെയുള്ള പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്ക് എന്നും പ്രതിബന്ധമായിരുന്നു. ആധുനിക വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ച കാലത്തും വിവരസാങ്കേതിക വിദ്യയുടെ വിസ്ഫോടനം നൽകുന്ന സന്ദേശങ്ങളിൽ നിന്ന് കതിരും പതിരും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

ചികിൽസയെ വഴി തെറ്റിക്കുന്നതു കൂടാതെ ഇഡിയറ്റ് രോഗാവസ്ഥ പലപ്പോഴും പൊതുജനങ്ങളിൽ വലിയ തോതിൽ ഭയവും വിഷാദ രോഗവുമുണ്ടാക്കുന്നുണ്ടെന്നും ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. ഗൂഗിൾ തിരച്ചിലിന് അടിമയായവർക്ക് രോഗങ്ങളുണ്ടാകുമ്പോൾ താരതമ്യേന അധികം പ്രയാസങ്ങളാണ് ഉണ്ടാകാറുള്ളത്. ഒരു ചെറിയ കാര്യം പോലും ഗൂഗിളിനെ ആശ്രയിച്ചു മാത്രം ചെയ്യുന്നവരുടെ അവസ്ഥ ഇക്കാലത്ത് മോശമാവുന്നു.
ഇഡിയറ്റാവരുത്
യഥാസമയത്ത് ശാസ്ത്രീയ ചികിൽസ തേടി ആശുപത്രികളെയോ മറ്റു വിശ്വസനീയ മാർഗ്ഗങ്ങളെയോ ആശ്രയിക്കാതെ രോഗലക്ഷണങ്ങൾ ഗൂഗിളിന് നൽകി, ഇന്റെർനെറ്റ് നൽകുന്ന ചികിൽസ തേടുന്നവർ പലപ്പോഴും ഗൗരവമായ വഷളായ രോഗാവസ്ഥയിൽ അവസാനഘട്ടത്തിൽ മാത്രം ആശുപത്രികളിലെത്തുന്നതാണ് ഡോക്ടർമാരുടെ അനുഭവം. 
മാത്രമല്ല സ്വയം ചികിൽസ നടത്തിയതിന്റെ വിവരം ഡോക്ടർമാരിൽ നിന്നു മറയ്ക്കുകയും ചെയ്യുന്ന സ്വഭാവവും ഇത്തരക്കാർക്കുണ്ട്. രോഗികളെ ചികിൽസിക്കുന്ന ആരോഗ്യ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഇഡിയറ്റ് പ്രശ്നത്തിന്റെ അനന്തരഫലങ്ങൾ വലിയ തലവേദനയായി മാറുന്നുണ്ട്.

വിരൽത്തുമ്പിലെത്തുന്ന വിവരപ്രവാഹത്തിലെ ചുഴിയും മലരിയും തിരിച്ചറിയാനാവാത്തവർക്ക് പലപ്പോഴും ശാസ്ത്രീയ ചികിൽസയിലേക്കെത്തി ചേരാനുള്ള പ്രതിബന്ധമായി ഗൂഗിൾ അറിവുകൾ മാറുന്നു. രോഗലക്ഷണങ്ങൾ ഗൂഗിളിലോ മറ്റു സേർച്ച് എഞ്ചിനുകളിലോ പരതി നോക്കി ,സ്വയം ചികിൽസ നടത്തുന്നവർ വലിയ അപകടമാണ് ക്ഷണിച്ചു വരുത്തുന്നതെന്ന് പറയാം. രോഗികളുടെ ജീവൻ രക്ഷപെടുത്താൻ കഴിയാത്തവിധം ഡോക്ടർമാരെ ഇത് നിസഹായരാക്കുന്നു.