ഇലക്ട്രോണിക് ഗാഡ്ജറ്റ് മേഖലയിൽ പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ ചൈനീസ് ടെക് കമ്പനിയായ ഇൻഫിനിക്സ്. എയർ ചാർജ്, എക്‌സ്ട്രീം-ടെമ്പ് ബാറ്ററി എന്നീ രണ്ട് സാങ്കേതിക വിദ്യകൾ ആയിരിക്കും ഇൻഫിനിക്സ് പുതിയതായി പരിചയപ്പെടുത്തുക. വരാനിരിക്കുന്ന കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ഷോയിൽ ആയിരിക്കും ഇത് ആദ്യം അവതരിപ്പിക്കുക.

2024 ജനുവരിയിൽ ആണ് ഈ ഷോ നടക്കുന്നത്. നിലവിൽ ഇതിനായുള്ള പരീക്ഷണങ്ങൾ എല്ലാം ഇൻഫിനിക്സ് പൂർത്തിയാക്കി കഴിഞ്ഞു. കേബിളുകളുടെ സഹായമില്ലാതെ സ്മാർട്ട് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ സാധിക്കുന്ന ഒരു വയർലെസ് ചാർജിങ് രീതിയാണ് ഇൻഫിനിക്സിന്റെ എയർ ചാർജ്. ഉപകരണങ്ങൾ ചാർജറിൽ തൊടാതെ ചാർജറിന് സമീപം വെറുതെ വെച്ചാൽ തന്നെ ചാർജ് ആകുന്ന രീതിയാണ് ഇത്.

ചാർജറിന്റ 20 സെന്റീമിറ്റർ ചുറ്റളവിൽ ഉപകരണം വെച്ചാൽ ആയിരിക്കും ഇത്തരത്തിൽ ചാർജ് കയറു. നേരത്തെ വയർലൈസ് ചാർജിങ് സംവിധാനം പുറത്തിറങ്ങിയിരുന്നെങ്കിലും കേബിൾ ഇല്ലാതെ ചാർജിങ് പാഡിൽ വെച്ചാണ് ഇതിൽ ഉപകരണങ്ങൾ ചാർജ് ചെയ്തിരുന്നത് എന്നാൽ ഇൻഫിനിക്സിന്റെ എയർ ചാർജിങ് സംവിധാനത്തിൽ ചാർജറിന്റെ സമീപം എവിടെ ഉപകരണം വെച്ചാലും ഇത് ചാർജ് ആകുന്നതായിരിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.