തലയുടെ സംരക്ഷണത്തിനും തലമുടി സമൃദ്ദമായി വളരാനും കടും ചുവപ്പു നിറമുള്ള ചെറിയ പൂക്കള്‍ വിരിയുന്ന ചെമ്പരത്തിയുടെ താളി നല്ലതാണ്. ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ചട്ടിയില്‍ ചെമ്പരത്തി വളര്‍ത്താം. 

ഷാംപൂ ഉപയോഗിക്കുമ്പോള്‍ അത് ശിരോചര്‍മത്തിലേക്ക് ആഴ്ന്നിറങ്ങി തലയോട്ടിയിലെ സ്വാഭാവികമായ എണ്ണമയത്തെ തീര്‍ത്തും ഇല്ലാതാക്കും. ഇത് തലയോട്ടി വരളാനും താരനുണ്ടാവാനുമിടയാക്കുന്നു. പച്ചിലത്താളിയാണെങ്കില്‍ തലയോട്ടിയുടെ ഉപരിതലത്തില്‍ മാത്രമേ നില്‍ക്കുന്നുള്ളൂ. മുടിക്ക് തിളക്കവും കറുപ്പും നല്‍കാന്‍ സഹായിക്കുകയും ചെയ്യും. 

താളി മിക്‌സിയിലിട്ട് അരച്ചെടുക്കരുത്. അരയുമ്പോള്‍ ഉണ്ടാവുന്ന ചൂട് അതിന്റെ സ്വാഭാവികതയെ നശിപ്പിക്കും. ഇലകള്‍ കുറച്ചുനേരം വെള്ളത്തിലിട്ട് വെച്ച് പിഴിഞ്ഞാല്‍ നീര് നന്നായി കിട്ടും. ചീവയ്ക്കാപ്പൊടി, വെള്ളില, കൊട്ടത്തിന്റെ ഇല എന്നിവയും താളിയുണ്ടാക്കാന്‍ നല്ലതാണ്.