സ്മാര്‍ട് ഫോണുകള്‍ ചൂടാകുന്നതും പൊട്ടിത്തെറിക്കുന്നതും അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമാകുന്നത് ബാറ്ററിയുടെ താപനില ഉയരുന്നതാണ്. ബാറ്ററി ഓവര്‍ ചാര്‍ജിങ് (അമിത ചാര്‍ജിങ്) എന്നാണ് ഈ പ്രശ്‌നത്തിനുള്ള വിവരണം. ഇത് പരിഹരിക്കാന്‍ എല്ലാ കമ്പനികളും പ്രയത്‌നിക്കുന്നുമുണ്ട്. ഫോണിന്റെ ബാറ്ററി പൂര്‍ണമായി ചാര്‍ജായി കഴിഞ്ഞാല്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ചാര്‍ജിങ് നിർത്താന്‍ ശ്രമിക്കുന്ന കമ്പനികളുണ്ട്. ചില കമ്പനികള്‍ ട്രിക്കിൾ ചാര്‍ജിങ് അഥവാ അല്‍പ്പാല്‍പ്പമായി ചാര്‍ജ് കടത്തിവിടുന്ന രീതി പിന്തുടരുന്നു.
∙ ചാര്‍ജ് ചെയ്യുമ്പോള്‍ ഉപയോഗിച്ചാല്‍ ഫോണ്‍ ചൂടാകും
അമിതമായി സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ ചാര്‍ജിങ് സമയത്തും വെറുതെ ഇരിക്കില്ല. ഗെയിം കളി അടക്കം തുടരും. ഇതോടെ ബാറ്ററി പ്രശ്നത്തിലാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇതിന്റെ ആഘാതം ബാറ്ററിയില്‍ കാണാനാകും. ഇത് ബാറ്ററിയെ പെട്ടെന്നു നശിപ്പിച്ചെന്നും വരാം. ഇങ്ങനെ ഉപയോഗിക്കുമ്പോള്‍ മിക്ക ഫോണുകളും ചൂടാകുകയു ചെയ്യും. ഇതിനൊരു പുതിയ പരിഹാരമാര്‍ഗം കണ്ടുപിടിച്ചിരിക്കുകയാണ് സാംസങ്.
∙ പോസ് യുഎസ്ബി പവര്‍ ഡെലിവറി
സാംമൊബൈല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം സാംസങ് ഈ വര്‍ഷം അവതരിപ്പിച്ച ഫ്ലാഗ്ഷിപ് ഫോണ്‍ ശ്രേണിയായ ഗ്യാലക്‌സി എസ്23 ലാണ് പുതിയ പരീക്ഷണം നടത്തിയിരിക്കുന്നത്. ഫോണിനെ ബാറ്ററിയില്‍ നിന്ന് നേരിട്ട് ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കിയിരിക്കുകയാണ് സാംസങ്. ഇത് പ്രയോജനപ്പെടുത്തേണ്ടവര്‍ ഫോണിന്റെ ഗെയിം ബൂസ്റ്റ് മെനുവില്‍ എത്തുക. അവിടെ 'പോസ് യുഎസ്ബി പവര്‍ ഡെലിവറി' എന്ന ഫീച്ചര്‍ എനേബിൾ ചെയ്യുക. അങ്ങനെ ചെയ്യുമ്പോള്‍ ചാര്‍ജറില്‍ നിന്നെത്തുന്ന കറന്റ് ബാറ്ററിയിലെത്താതെ നേരെ പ്രോസസറിലെത്തും. ഇതുവഴി ഏതെങ്കിലും രീതിയില്‍ ഫോണ്‍ ചൂടാകുന്നത് ഒഴിവാക്കാന്‍ സാംസങ്ങിനു സാധിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
∙ ബാറ്ററിയുടെ ആരോഗ്യവും സംരക്ഷിക്കുന്നു
സ്മാര്‍ട് ഫോണുകള്‍ എത്ര തവണ ചാര്‍ജ് ചെയ്യുന്നു എന്നതിനെ ആശ്രയിച്ച് ബാറ്ററിയുടെ ആരോഗ്യം കുറയുമെന്ന് എല്ലാവര്‍ക്കും അറിയാം. ചാര്‍ജ് നില്‍ക്കാതെ വരുമ്പോള്‍ ബാറ്ററി മാറ്റിവയ്‌ക്കേണ്ടതായും വരുന്നു. എന്നാല്‍, സാംസങ്ങിന്റെ പുതിയ രീതി പ്രയോജനപ്പെടുത്തിയാൽ ബാറ്ററിയുടെ ആരോഗ്യം താരതമ്യേന ദീര്‍ഘകാലം നിലനിര്‍ത്താമെന്നാണ് വാദം. ഗ്യലക്‌സി എസ്23 പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടത് 17w ചാര്‍ജാണ്. എന്നാല്‍, ചാര്‍ജറില്‍ നിന്ന് നേരിട്ടു വൈദ്യുതി പ്രോസസറില്‍ എത്തുമ്പോള്‍ ഏകദേശം 6w ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ നിരീക്ഷണമുണ്ട്. സാംസങ്ങിന് പ്രത്യേകമായി നിർമിച്ച ലഭിച്ച സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രോസസറാണ് എസ്23ക്ക് കരുത്തു പകരുന്നത്. ഇതിന് മുന്‍ തലമുറയെ അപേക്ഷിച്ച് ഗെയിമിങ്ങിലും മറ്റും അധിക കാര്യക്ഷമതയുണ്ടെന്നാണ് പറയുന്നത്. ഇതിനു പുറമെയാണ് നേരിട്ടുള്ള ചാര്‍ജിങ് പരീക്ഷണം.
∙ എല്ലാ എസ്23 ഫോണുകളിലും ഇതില്ലെ?
അതേസമയം, സാംമൊബൈലിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ തങ്ങള്‍ക്കു ലഭിച്ച റിവ്യൂ ഫോണുകളില്‍ നേരിട്ടുള്ള ഈ പവര്‍ ഡെലിവറി ഫീച്ചര്‍ കാണാനില്ലെന്നു പറഞ്ഞ് ചില വെബ്‌സൈറ്റുകള്‍ രംഗത്തെത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേ മോഡലിനു തന്നെ ഒന്നിലേറെ പ്രോസസര്‍ ഉപയോഗിക്കുന്ന രീതിയും മറ്റും പരീക്ഷിച്ചിരുന്ന കമ്പനിയായ സാംസങ് ഈ ഫീച്ചര്‍ ചില മേഖലകള്‍ക്കു മാത്രമാണോ നല്‍കിയിരിക്കുന്നതെന്ന കാര്യത്തിലും ഇപ്പോള്‍ വ്യക്തതയില്ല. തങ്ങളുടെ എസ്23യ്ക്ക് 'റേ ട്രെയ്‌സിങ്' എന്നൊരു ഫീച്ചർ ഉണ്ടെന്നും സാംസങ് പറയുന്നു. ഇത് കമ്പനിയുടെ സ്വന്തം എക്‌സിനോസ്2200 ലാണ് ആദ്യം അവതരിപ്പിച്ചത്. ഗെയിമിങ്ങില്‍ റേ ട്രെയ്‌സിങ് ഉപയോഗിച്ചാല്‍ കൂടുതല്‍ മികവാര്‍ന്ന ദൃശ്യങ്ങളും യാഥാര്‍ഥ്യതാ ബോധവും നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ചൂടാകല്‍ കുറയ്ക്കാനുള്ള നേരിട്ടുള്ള ചാര്‍ജിങ് രീതി കൂടുതല്‍ കമ്പനികള്‍ കൊണ്ടുവരുമോ എന്ന് കാത്തിരുന്നു കാണാം. പോസ് യുഎസ്ബി പവര്‍ ഡെലിവറി ഫീച്ചര്‍ ഉള്ള ഫോണ്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ സാംസങ് അംഗീകരിച്ചിരിക്കുന്ന ചാര്‍ജര്‍ തന്നെ ഉപയോഗിക്കുന്നതായിരിക്കും ഉചിതമെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.
0 Comments
Thanks