ദിവസവും പതിവായി വരുന്ന പ്രൊമോഷണല്‍ കോളുകൾ മൊബൈല്‍ ഉപയോക്താക്കളെ അസ്വസ്ഥരാക്കാറുണ്ട്. ഇത് ഒഴിവാക്കാന്‍ മിക്കവരും ആഗ്രഹിക്കാറുണ്ട്. രാജ്യത്തെ മിക്ക ഫോൺ ഉപയോക്താക്കൾക്കും ദിവസം ഒരിക്കലെങ്കിലും ഇത്തരം കോളുകൾ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്തെ 92 ശതമാനം മൊബൈൽ ഫോൺ ഉപയോക്താക്കൾക്കു ദിവസവും ഇത്തരം പ്രൊമോഷണൽ കോളുകൾ ലഭിക്കുന്നു.
ഓൺലൈൻ സ്ഥാപനമായ ലോക്കൽ സർക്കിളിന്റെ സർവേ പ്രകാരം ഇന്ത്യയിലെ ഭൂരിഭാഗം മൊബൈൽ ഫോൺ വരിക്കാർക്കും ദിവസവും ഒരു പ്രൊമോഷണൽ കോളെങ്കിലും ലഭിക്കുന്നുണ്ട്. 92 ശതമാനം പേർക്കും അവരുടെ നമ്പർ 'ശല്യപ്പെടുത്തരുത്' ലിസ്റ്റിൽ ഉൾപ്പെടുത്തിയതിന് ശേഷവും ഇത്തരം കോളുകൾ ലഭിക്കുന്നുണ്ടെന്നും കണ്ടെത്തി.
സർവേ പ്രകാരം ഫിനാൻഷ്യൽ സർവീസ്, റിയൽ എസ്റ്റേറ്റ് മേഖലകളിൽ നിന്നാണ് ഏറ്റവും കൂടുതൽ ശല്യപ്പെടുത്തുന്ന കോളുകൾ ലഭിക്കുന്നതെന്ന് 78 ശതമാനം പേരും പറഞ്ഞു. സർവേയിൽ പങ്കെടുത്തവരിൽ 66 ശതമാനം പേരും തങ്ങൾക്ക് പ്രതിദിനം ശരാശരി മൂന്നോ അതിലധികമോ ഫോൺ കോളുകൾ ലഭിക്കുന്നുണ്ടെന്ന് പറഞ്ഞു. 96 ശതമാനം മൊബൈൽ വരിക്കാർക്കും പ്രതിദിനം അത്തരത്തിലുള്ള ഒരു കോളെങ്കിലും ലഭിക്കുന്നുണ്ടെന്നാണ് ലോക്കൽ സർക്കിളിന്റെ സർവേ പറയുന്നത്.
അതേസമയം, പ്രതിദിനം ശരാശരി 6 മുതൽ 10 വരെ കോളുകൾ ലഭിക്കുന്നുണ്ടെന്ന് 16 ശതമാനം പേർ പറഞ്ഞു. 5 ശതമാനം പേർക്ക് പ്രതിദിനം പത്തിലധികം പ്രൊമോഷണൽ കോളുകളും ലഭിക്കുന്നുണ്ട്. ജനുവരി 5 നും ഫെബ്രുവരി 5 നും ഇടയിൽ നടത്തിയ ഓൺലൈൻ സർവേയിൽ 342 ജില്ലകളിലെ പൗരന്മാരിൽ നിന്ന് 56,000 പ്രതികരണങ്ങൾ ലഭിച്ചു.
‘ശല്യപ്പെടുത്തരുത്’ ലിസ്റ്റിൽ റജിസ്റ്റർ ചെയ്തതിന് ശേഷവും അവർക്ക് ഇത്തരം കോളുകൾ ലഭിച്ചോ എന്ന ചോദ്യത്തിന് പ്രതികരിച്ചവരിൽ 92 ശതമാനം പേരും അതെ എന്നാണ് മറുപടി നൽകിയത്. കോളുകളുടെ ഉറവിടത്തെക്കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിച്ചവരിൽ 50 ശതമാനം പേരും വ്യക്തികളുടേതെന്ന് തോന്നുന്ന വ്യത്യസ്ത മൊബൈൽ ഫോൺ നമ്പറുകളിൽ നിന്നാണ് കോളുകൾ വരുന്നതെന്ന് പറഞ്ഞു. 29 ശതമാനം പേർ കമ്പനികളുടേതോ ബ്രാൻഡുകളോ ആണെന്ന് തോന്നുന്ന മൊബൈൽ നമ്പറുകളിൽ നിന്നാണെന്നും പ്രതികരിച്ചു.
0 Comments
Thanks