ഏറ്റവും പുതിയ വാർത്തകൾ ലോഡ് ചെയ്യുന്നു...

സൈബർ തെരുവുകളിൽ കുട്ടികളെ ലക്ഷ്യമിട്ടു കഴുകന്‍മാർ; മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്!



ചെറിയ കുട്ടി ആരുടെയും സഹായമില്ലാതെ യുട്യൂബില്‍ ഇഷ്ടപ്പെട്ട വിഡിയോ സേർച്ച് ചെയ്തു കാണാറുണ്ട് എന്നൊക്കെ അഭിമാനിക്കുന്ന മാതാപിതാക്കളെ നമുക്കു ചുറ്റും ഇഷ്ടംപോലെ കാണാം. പക്ഷേ ഇന്റർനെറ്റ് എന്ന വിശാല ലോകം, ഏവരുടെയും ചിന്തകൾക്കുപോലും അതീതമാണെന്നതിനാൽ രക്ഷിതാക്കള്‍ അതീവശ്രദ്ധ പതിപ്പിക്കേണ്ട ഒട്ടനവധി കാര്യങ്ങളുണ്ട്. വേണ്ടത്ര ഡിജിറ്റല്‍ സാക്ഷരത നേടുകയെന്നതു ഇത്തരം അപകടങ്ങളെ ഒരു പരിധിവരെ തടയും. ഇന്റര്‍നെറ്റില്‍ കുട്ടികള്‍ നേരിട്ടേക്കാവുന്ന ഭീഷണികളെക്കുറിച്ച് അറിയുക: 

സൈബര്‍ ബുള്ളിയിങ് 

സ്കൂളുകളിൽ ചിലപ്പോള്‍ പരസ്പരം പോരടിക്കുന്ന കുട്ടികളെ നമുക്കു കാണാമായിരുന്നു. ഇന്നും അത്തരം വഴക്കുകളും മറ്റും നടക്കാറുണ്ട്. പക്ഷേ നമ്മുടെ കാണാമറയത്താണെന്നു മാത്രം. മറ്റു കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും കുട്ടികളോട് മുഠാളത്തരം കാട്ടാറുണ്ട്. ആപ്പുകളിലും, ഗെയിമുകളിലും, വിഡിയോകളിലും മുഴുകുന്ന കുട്ടികള്‍ എത്തിപ്പെട്ടേക്കാവുന്ന വിചിത്ര ലോകത്തെക്കുറിച്ചും അവിടെയുണ്ടാകുന്ന തർക്കങ്ങളും പ്രശ്‌നങ്ങളെക്കുറിച്ചും അറിഞ്ഞുവരുമ്പോഴേക്കും ചിലപ്പോൾ കാര്യങ്ങൾ പിടിവിട്ടു പോകാം.കുട്ടികളെ കടുത്ത പ്രശ്‌നങ്ങളിലേക്ക് തള്ളിവിട്ടേക്കാം. പേടിപ്പിക്കുന്ന സന്ദേശങ്ങള്‍, ചിത്രങ്ങള്‍, ഗോസിപ്പുകള്‍ തുടങ്ങിയവയൊക്കെ ഉപയോഗിച്ചായിരിക്കും ആക്രമണം. ഭയന്ന് ഇക്കാര്യങ്ങള്‍ കുട്ടികള്‍ മുതിര്‍ന്നവരോട് പറയണമെന്നില്ല. പക്ഷേ ഈ സൂചനകള്‍ ശ്രദ്ധിക്കുക: 


Photo Credit : asiandelight / Shutterstock.com
ഫോൺ അഥവാ ഇന്റര്‍നെറ്റ് ഉപയോഗിച്ച ശേഷം വിഷമിച്ചിരിക്കുക, സംസാരം കുറയുക, സ്വഭാവത്തില്‍ മാറ്റങ്ങൾ വരിക, അനാവശ്യമായി ഉത്കണ്ഠ, പഠനത്തിൽ വൈമുഖ്യം കാണിക്കുക, ഉറക്ക രീതികൾ മാറുക, ഓണ്‍ലൈന്‍ ഇടപെടലുകളെക്കുറിച്ചു രഹസ്യാത്മകത പ്രകടിപ്പിച്ചു തുടങ്ങുക( ഹിസ്റ്ററി ഡിലീറ്റ് പോലെയുള്ളവ). 

എന്തു ചെയ്യണം, ചെയ്യരുത് 

ഒരു ചതിക്കുഴിയില്‍ കുട്ടി പെട്ടുപോയി എന്നു തോന്നിയാല്‍ ഭൂരിഭാഗം മാതാപിതാക്കളുടെയും ആദ്യ തോന്നല്‍ ഫോണ്‍ തട്ടിപ്പറിച്ചെടുക്കുകയെന്നതാണ്. അത് ചെയ്യാതിരിക്കുക. അത് അവര്‍ക്ക് ഓണ്‍ലൈന്‍ സുരക്ഷയെക്കുറിച്ച് ഒരു പാഠവും നല്‍കില്ല. കുട്ടിക്കു കൂടുതല്‍ ഒറ്റപ്പെട്ടു എന്ന ചിന്തയും വരും. അതിനു പകരം ശാന്തമായി തന്നെ കുട്ടിയോട് ഇടപെടുക.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ആദ്യം നിങ്ങളെ ആശ്രയിക്കാനാകും എന്ന് കുട്ടിയെ ബോധ്യപ്പെടുത്തുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. കുറ്റപ്പെടുത്താതെ ഇതെക്കുറിച്ച് സംസാരിച്ചു തുടങ്ങുക. കുട്ടിക്കു പറയാനുള്ളതു കേട്ട് എത്ര ആഴത്തിലുള്ളതാണ് പ്രശ്‌നം എന്നു കണ്ടെത്താന്‍ ശ്രമിക്കുക. സമപ്രായക്കാര്‍ തമ്മിലാണോ അതോ കൂടുതൽ ഗൗരവമുള്ള പ്രശ്‌നമാണോ എന്നത് ഉറപ്പാക്കുക. 

കുട്ടിക്കു ഭീഷണിയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ രക്ഷാകവചമൊരുക്കുക. തനിച്ച് ഒന്നും ചെയ്യാന്‍ സാധ്യമല്ലെങ്കില്‍ ഉദ്യോഗസ്ഥരുടെയോ, ചൈല്‍ഡ് ഹെല്‍പ്‌ലൈനുകളുടെയോ സഹായം തേടുക. കുട്ടിയുടെആത്മവിശ്വാസം വളര്‍ത്തുന്ന നടപടികള്‍ മാത്രം സ്വീകരിക്കുക. നിങ്ങളോട് തുറന്നു പറയാന്‍ മടിക്കുന്നു എങ്കില്‍ മുകളില്‍ പറഞ്ഞ രീതിയില്‍ സഹായം തേടുക. തെളിവുകള്‍ ശേഖരിക്കുക. 

Michael O'Keene/shutterstock
കുട്ടി ആക്രമണത്തിന് ഇരയായെങ്കില്‍ അതു തെളിയിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളോ മറ്റോ എടുക്കാന്‍ സാധിക്കുമോഎന്നു നോക്കുക. തെളിവില്ലാതെ കേസുകൊടുത്തിട്ടും വലിയ കാര്യമില്ലല്ലോ. പേടിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ക്ക് മറുപടി കൊടുക്കേണ്ടെന്ന് കുട്ടിയെ ബോധ്യപ്പെടുത്തുക. അത് കാര്യങ്ങള്‍ വഷളാക്കിയേക്കാം. 

റിപ്പോര്‍ട്ടു ചെയ്യുക 

സമൂഹ മാധ്യമങ്ങളും, ആപ്പുകളും, ഗെയിമുകളും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന എന്തെങ്കിലും വിവരം സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് നീക്കംചെയ്യാനും ആവശ്യപ്പടാം. ഒരു പക്ഷെ കുട്ടി പഠിക്കുന്ന സ്‌കൂളിനും ചില സാഹചര്യങ്ങളില്‍ സഹായിക്കാന്‍ സാധിച്ചേക്കും. കുട്ടിക്ക് കൗണ്‍സലിങ് വേണ്ട സാഹചര്യമുണ്ടോ എന്നും വിലയിരുത്തുക. 

എത്ര സമയം ഓണ്‍ലൈനില്‍ വിടണം? 

കുട്ടികളെ എത്ര സമയം ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുവദിക്കണം എന്ന കാര്യത്തില്‍ തര്‍ക്കങ്ങളുണ്ട്. കുട്ടിക്ക് എന്തു പ്രായമുണ്ട്, എത്ര പക്വത വന്നു, എന്തു കണ്ടെന്റാണ് അവര്‍ കാണുന്നത് തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചായിരിക്കും ഇത് നിര്‍ണ്ണയിക്കേണ്ടത്. കുട്ടിയുടെ മൊത്തം ആരോഗ്യത്തെ പരിഗണിച്ചു വേണം ഇന്റര്‍നെറ്റ് ഉപയോഗം അനുവദിക്കാന്‍. സ്‌ക്രീനുകളുടെ പ്രകാശം ഭാവിയില്‍ അവരുടെ ആരോഗ്യത്തെ ബാധിച്ചേക്കുമോ എന്ന കാര്യത്തില്‍ പോലും ഇപ്പോള്‍ കാര്യമായ ഡേറ്റ ഇല്ല. ഉറക്കവും വ്യായാമവും തടസപ്പെടുന്ന രീതിയില്‍

ഓണ്‍ലൈനില്‍ സമയം ചിലവിടുന്നുണ്ടെങ്കില്‍ നിരുത്സാഹപ്പെടുത്തുക. കുടുംബാംഗങ്ങളോടും കൂട്ടകാരോടും മുഖാമുഖമുളള ഇടപെടലിനുള്ള സമയം കുറയുന്നതും അനുവദിക്കാതിരിക്കുക. കൂട്ടുകാരുമൊത്ത് കളിക്കാന്‍ പോകാന്‍ താത്പര്യമില്ലായ്മ, ക്ലാസില്‍ പിന്നോട്ടുപോകുക, ഉറക്കച്ചടവ്, ഉന്മേഷക്കുറവ്, തലവേദന, കണ്ണിനു പ്രശ്‌നങ്ങള്‍, വൃത്തിയില്ലായ്മ, ചില വെബ്‌സൈറ്റുകളോടും ഗെയിമുകളോടും ഉള്ള ഭ്രമം, ദേഷ്യപ്പെടല്‍, ഉത്കണ്ഠ, ഉള്‍വലിയല്‍ എന്നീക്കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അല്‍പ്പം അധികം ശ്രദ്ധപുലര്‍ത്തുക. 

 ഇനിയും പിടികിട്ടിയില്ലേ?
എന്തു ചെയ്യണം? 

മുകളില്‍ പറഞ്ഞ ചില കാര്യങ്ങളൊക്കെ കുട്ടികളുടെ വളര്‍ച്ചയുടെ ചില ഘട്ടങ്ങളില്‍ വന്നു പോകാവുന്നവയുമാണ്. അതേസമയം, കുട്ടിക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നു തോന്നിയാല്‍ അതേക്കുറിച്ച് ആരായുകതന്നെ വേണം. ഇതിനു പിന്നിൽ സൈബര്‍ ബുള്ളിയിങ് ആകാം, കൂട്ടുകാരുമായുളള പ്രശ്‌നങ്ങള്‍ ആകാം, മാനസിക പ്രശ്‌നങ്ങള്‍ പോലും ആകാം. 

ഓണ്‍ലൈനില്‍ എത്ര സമയം ചിലവിടും എന്ന് കുട്ടിയോട് നേരിട്ടു ചോദിച്ചു മനസിലാക്കുക. അമിതമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു എന്നു മനസിലായാലും ശാസിക്കാതെ, ആലോചിച്ച ശേഷം അനുനയത്തിന്റെ സ്വരത്തില്‍ പ്രതികരിക്കുക. അല്ലെങ്കില്‍ അത്തരം ഏറ്റുപറച്ചിലുകള്‍ പാടേ നിലച്ചേക്കാം. സ്‌കൂള്‍ അധികൃതരുമായി സംസാരിച്ച് കുട്ടിക്ക് സ്‌കൂളില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തുന്നതും നല്ല കാര്യമായിരിക്കും. 

ഓണ്‍ലൈന്‍ സമയം നിയന്ത്രിക്കാന്‍ പഠിപ്പിക്കുക 

കുട്ടികള്‍ കളിക്കുന്ന ഗെയിമുകളിലും, ആപ്പുകളിലും ഉപകരണങ്ങളിലും ഒരു കണ്ണുണ്ടായിരിക്കണം. കുട്ടികളുമായി നിരന്തരം ഇത്തരം കര്യങ്ങളെക്കുറിച്ച് സംസാരിക്കണം. ഓണ്‍ലൈന്‍ ലോകത്തിനു വെളിയിലുള്ള താത്പര്യമുണര്‍ത്തുന്ന കാര്യങ്ങളെക്കുറിച്ചും സംസാരിക്കുക. 

കുടുംബത്തോടെ ചെയ്യാവുന്ന ചില ഓണ്‍ലൈന്‍ പദ്ധതികള്‍ തയാറാക്കുക. ശിക്ഷ എന്ന നിലയില്‍ ഓണ്‍ലൈന്‍ സമയം കുറയ്ക്കാതിരിക്കുക. കുട്ടിയുടെ സമയം എങ്ങനെ സര്‍ഗ്ഗാത്മകമായി ചിലവിടീക്കാം എന്ന കാര്യത്തില്‍ ഒരു പ്ലാന്‍തയാറാക്കുന്നതും നന്നായിരിക്കും. അവരോട് ആലോചിച്ചു തന്നെ അത്തരം പ്ലാന്‍ തയാറാക്കുക. 

സ്വയം മാതൃകയാകുക 

മാതാപിതാക്കള്‍ തന്നെ മുഴുവന്‍ സമയത്തും സ്‌ക്രീനില്‍ മുഴുകിയിരുന്നിട്ട് കുട്ടിയോട് സ്‌ക്രീന്‍ സമയം കുറയ്ക്കാന്‍ പറയുന്നതില്‍ അര്‍ത്ഥമില്ല. അതു കൂടാതെ, പാരന്റല്‍ കണ്ട്രോള്‍ സാധ്യതകള്‍ പരമാവധി ആരായുക. കുട്ടികള്‍എത്രസമയം ഇന്റര്‍നെറ്റില്‍ ചിലവിട്ടു എന്നും മറ്റും അറിയാനുള്ള ആപ്പുകളും മറ്റും ഉണ്ടല്ലോ. അവ പരമാവധി പ്രയോജനപ്പെടുത്തുക. 

വീട്ടില്‍ ചില നിയന്ത്രണങ്ങള്‍ 


ഫോൺ അല്ലെങ്കിൽ ലാപ്ടോപിനായി വാശി കാണിക്കുന്ന കുട്ടികളെ നിയന്ത്രിക്കാം; സ്ക്രീൻ സമയം നിശ്ചയിക്കാം
ബെഡ് റൂമിലോ, ഡൈനിങ് ടേബിളിലോ ആരും ഉപകരണങ്ങള്‍ ഉപയോഗിക്കില്ല തുടങ്ങിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് കുട്ടികളുടെ കാര്യത്തില്‍ മാത്രമല്ല, കുടുംബ ബന്ധം ദൃഢപ്പെടുത്താന്‍ സഹായിക്കും. ഉറങ്ങാന്‍ പോകുന്നതിന് ഒരുമണിക്കൂര്‍ മുമ്പെങ്കിലും സ്‌ക്രീനുകള്‍ ഓഫ് ചെയ്യണമെന്നും പഠിപ്പിക്കുക. 

ഓണ്‍ലൈന്‍ ഗെയിമിങ് 

ഓണ്‍ലൈന്‍ ഗെയിമിങ് കുട്ടികളെ വളരെ ഉത്സാഹഭരിതരാക്കുന്ന കാര്യങ്ങളിലൊന്നാണ്. എന്നാല്‍ അതില്‍ ഒട്ടനവധി പ്രശ്‌നങ്ങളും ഉണ്ട്. പല ഗെയിമുകള്‍ക്കും കുട്ടികളുടെ മനസും കൈയ്യും തമ്മിലുളള പൊരുത്തം മെച്ചപ്പെടുത്താനും മറ്റുംസഹായിക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ പല കാര്യങ്ങളിലും കുട്ടികള്‍ സാമര്‍ഥ്യം നേടുകയും ചെയ്‌തേക്കാം വിദേശങ്ങളിലെ കണക്കുവച്ചു പറഞ്ഞാല്‍ 8 വയസിനും 17 വയസിനും ഇടയിലുളള 81 ശതമാനം കുട്ടികളും ഓണ്‍ലൈന്‍ ഗെയിം കളിച്ചിട്ടുണ്ടാകും. സഹകരിച്ചു കളിക്കുന്ന കളികള്‍, അപരിചിതരുമൊത്തു കളിക്കുന്ന ഗെയിമുകള്‍ തുടങ്ങിയവയും പലരും പരീക്ഷിച്ചിരിക്കും. 

ഇവിടെ വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യം കംപ്യൂട്ടറിലാണ് ഗെയിം കളിക്കുന്നതെങ്കില്‍അതിന്റെ സ്‌ക്രീന്‍ വീട്ടില്‍ എല്ലാവര്‍ക്കും കാണത്തക്ക രീതിയിലാണ് ഇരിക്കുന്നത് എന്ന് ഉറപ്പാക്കുക എന്നതാണ്. പാരന്റല്‍ കണ്ട്രോള്‍ ആക്ടിവേറ്റു ചെയ്യുക. ഓണ്‍ലൈന്‍ ഗെയം കളിക്കുമ്പോള്‍ സ്വന്തം പേരും വിവരങ്ങളും വെളിപ്പെടുത്താതെ 'നിക്നേം' ഉപയോഗിക്കാന്‍ പഠിപ്പിക്കുക. അപരിചിതര്‍ അയയ്ക്കുന്ന ലിങ്കുകളില്‍ ക്ലിക്കു ചെയ്യരുതെന്ന് പഠിപ്പിക്കുക. ഗെയിമിൽ നിങ്ങളും പങ്കാളികളാകുക. പുരോഗതിയെക്കുറിച്ചും മറ്റും നിരന്തരം ചോദിക്കുക. എന്തു ഗെയിമിലാണ് അവര്‍ ഏര്‍പ്പെടുന്നത്, പ്രായത്തിനൊത്തതാണോ എന്നൊക്കെ വ്യക്തമായി മനസിലാക്കുക. 

ഗെയിമിങില്‍ അനാവശ്യമായി സമയം ചിലവിടുന്നോ? 

കുട്ടികളുടെ സ്വഭാവത്തില്‍ വന്നേക്കാവുന്ന മാറ്റങ്ങള്‍ മുകളില്‍ വിശദമായി കൊടുത്തിട്ടുണ്ടല്ലോ. അത്തരം മാറ്റങ്ങള്‍ അവരില്‍ കാണുന്നുണ്ടെങ്കല്‍ ശ്രദ്ധിക്കുക. 

ഗ്രൂമിങ് 

ഓണ്‍ലൈന്‍ ഇടപെടലുകളിലെ ഏറ്റവും പ്രശ്‌നമുള്ള ഒന്നാണ് ഗ്രൂമിങ്. ഓണ്‍ലൈന്‍ ഇടപെടലുകളില്‍ കുട്ടികളെ മുതിര്‍ന്നവരും, അപരിചിതരുമടക്കം തങ്ങളുടെ ഇഷ്ടാനുസരണം മെരുക്കിയെടുക്കുന്ന പരിപാടിക്കാണ് ഗ്രൂമിങ് എന്നു പറയുന്നത്. വെബ്ക്യാമുകള്‍, സ്വകാര്യ സന്ദേശങ്ങള്‍, ഓണ്‍ലൈന്‍ ചാറ്റ് തുടങ്ങിയവ ആയരിക്കും ഇതിന് പ്രയോജനപ്പെടുത്തുക. ശരിക്കുള്ള പേരും വയസും സ്ഥലവും അടക്കമുളള വിവരങ്ങളാണ് ഓണ്‍ലൈനില്‍ നല്‍കിയിരിക്കുന്നതെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നത്തിലേക്കു നയിക്കാം.

ഏതെങ്കിലും അപരിചിതര്‍ അമിത വാൽസല്യവും മറ്റുമായി അടുത്തുകൂടാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ നിങ്ങളെ അറിയിക്കാന്‍ കുട്ടികളെ പഠിപ്പിക്കുക. കുട്ടികളെ ആരെങ്കിലും ഗ്രൂം ചെയ്യുന്നതായി തോന്നിയാല്‍ അമാന്തിക്കാതെ അടുത്തുള്ള പൊലിസ് സ്റ്റേഷനില്‍ അറിയിക്കുക. കുട്ടിക്ക് ബുള്ളിയിങ് നേരിടേണ്ടിവന്നാല്‍ അവരെ കുറ്റപ്പെടുത്താതെ, ആവശ്യമായ സഹായം ലഭ്യമാക്കുക.

അശ്ലീലം 

ഓണ്‍ലൈനിലെത്തുന്ന നിങ്ങളുടെ കുട്ടി മനപ്പൂര്‍വ്വമോ, അല്ലാതെയോ അശ്ലീല മേഖലയിലെത്താം. ഇത് അവര്‍ക്ക് പല പ്രതിസന്ധികളും സൃഷ്ടിച്ചേക്കാം. സഹപാഠികളുടെയും മറ്റും പ്രേരണ മുതിര്‍ന്ന കുട്ടികള്‍ക്ക് ഇത്തരം ഉള്ളടക്കം കണ്ടെത്താനുളള ജിജ്ഞാസ വര്‍ദ്ധിപ്പിച്ചേക്കാം. ബന്ധുവോ, സുഹൃത്തോ ആകാം വഴികാട്ടി. ഇതില്‍ നിന്നൊക്കെ ആരോഗ്യകരമായി മോചിപ്പിക്കുക എന്നു പറയുന്നത് ശ്രമകരമാണ്.

ഒരു മാര്‍ഗ്ഗം വീട്ടില്‍ എല്ലാവരും അനുസരിക്കുന്ന ഒരുപറ്റം നിയമങ്ങള്‍ കൊണ്ടുവരിക എന്നതാണ്. മോശം ചിത്രങ്ങളും വിഡിയോയും ഈ വീട്ടിലുള്ള ആരും പങ്കുവയ്ക്കില്ല തുടങ്ങിയ നിയമങ്ങള്‍ കൊണ്ടുവരാം. കുട്ടികളുമായി അവരുടെ ഓണ്‍ലൈന്‍ ഇടപെടലുകളെക്കുറിച്ച് നിരന്തരം സംസാരിക്കുന്നത് അവര്‍ ഈ മേഖലയിലേക്ക് കടന്നോ എന്നറിയാന്‍ സഹായിച്ചേക്കും. 

ലഭ്യമായ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുക. ഉപകരണങ്ങളിലുംമറ്റും സെയ്ഫ് സേര്‍ച്ച് മോഡ് എനേബ്ള്‍ ചെയ്യുക. വൈ-ഫൈ കര്‍ഫ്യൂ എര്‍പ്പെടുത്തുന്നതും പരിഗണിക്കാം. ഒരു സമയത്തിനുളളില്‍ വൈ-ഫൈ ഓഫു ചെയ്യുക. പ്രത്യേകിച്ചും രാത്രി സമയങ്ങളില്‍ ഒറ്റയ്ക്കുള്ള ബ്രൗസിങ് ഒഴിവാക്കുക. കുട്ടികള്‍ ഇത്തരം കണ്ടെന്റ് മാതാപിതാക്കളുടെ ഉപകരണങ്ങളില്‍കണ്ടെത്താനുള്ള സാധ്യതയുണ്ടെന്നുള്ളതാണ് മറ്റൊരു രസകരമായ സംഗതി. അതും ഒഴിവാക്കുക. ഇത്തരം പ്രശ്‌നങ്ങളില്‍ കുട്ടി പെട്ടു എന്നറിഞ്ഞാലും സംയമനം കൈവിടാതെ പെരുമാറുക എന്നതും അത്യാവശ്യമാണ്. 

കുട്ടികളുടെ കോണ്ടാക്ട്‌സ് ആരാണെന്ന് കണ്ടെത്തുക 

കുട്ടികളുമായി ഓണ്‍ലൈനില്‍ ഇടപെടുന്നത് ആരൊക്കെയാണെന്ന് മനസിലാക്കിവയ്ക്കുന്നത് ഒരു പരിധിവരെ ഗുണംചെയ്യും. പരിചയമില്ലാത്തവരുമായി കുട്ടി ബന്ധപ്പെടുന്നില്ല എന്ന് ഉറപ്പാക്കുക. പരിചയമില്ലാത്തവരെ കോണ്ടാക്ട്‌സില്‍ നിന്ന്ഡിലീറ്റു ചെയ്യാന്‍ കുട്ടികളെ പ്രേരിപ്പിക്കുക. 

സെക്സ്റ്റിങ് 

സ്വന്തം നഗ്ന ചിത്രങ്ങള്‍ അയച്ചുകൊടുക്കുന്നതിനാണ് സെക്സ്റ്റിങ് എന്നു പറയുന്നത്. പ്രത്യേകിച്ചും രണ്ടു പേര്‍ തമ്മില്‍ പ്രണയബന്ധമോ മറ്റൊ സ്ഥാപിച്ചുവെങ്കില്‍ ഇതുസംശയിക്കാം. നഗ്നചിത്രം പങ്കുവയ്ക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ പ്രതീക്ഷിക്കുന്നതിലേറെയാണ്. ഇന്റര്‍നെറ്റിലേക്ക് അയയ്ക്കപ്പെടുന്ന ഒന്നും നശിപ്പിക്കപ്പെടില്ലെന്നൊരു പറച്ചിലുണ്ട്. ഇത് പൂര്‍ണ്ണമായും ശരിയല്ലെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. 

ഒരാള്‍ക്ക്അയച്ചുകൊടുക്കുന്ന ചിത്രം, അതു ലഭിച്ചയാള്‍ പലര്‍ക്കായി അയച്ചുകൊടുത്തേക്കാം. അങ്ങനെ പലരുടെ കംപ്യൂട്ടറുകളിലും ഫോണുകളിലും ഇവ സേവ് ചെയ്യപ്പെട്ടേക്കാം. ഇവ റിപ്പെയറിങിനു നല്‍കുമ്പോഴടക്കം നഗ്നചിത്രങ്ങളും മറ്റും ചോരാം. ഇങ്ങനെ അത് ജീവിതകാലം മുഴുവന്‍പ്രശ്‌നമായി മാറാം. ഒരു പങ്കാളിയുമായി ബന്ധം മുറിക്കേണ്ടി വരുമ്പോള്‍ ഇത്തരം കണ്ടെന്റ് അവര്‍ പുറത്തുവിട്ടേക്കാം. സ്വന്തം നഗ്നചിത്രങ്ങളും മറ്റും അയച്ചുകൊടുക്കാന്‍ യുവജനങ്ങളെ നര്‍ബന്ധിക്കുന്ന പല ഘടകങ്ങളും ഉണ്ടാകാം. 

സെക്‌സ്റ്റോര്‍ഷന്‍ 

നഗ്ന ചിത്രങ്ങളും മറ്റും അയച്ചുകിട്ടിയാല്‍ ചിലര്‍ അതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണംപിടുങ്ങലും തുടങ്ങാം. ചിലര്‍ ലൈംഗികത വേണമെന്നായിരിക്കും ആവശ്യപ്പെടുക. ഇത്തരം മുതലെടുപ്പിനെയാണ് സെക്‌സ്റ്റോര്‍ഷന്‍ എന്നു വിളിക്കുന്നത്. ഇതെല്ലാം നാണക്കേടും, കുറ്റബോധവും, ദേഷ്യവും ഒക്കെ വളര്‍ത്താം. ഈ പ്രശ്‌നത്തില്‍ പെട്ട കുട്ടികള്‍ സ്‌കൂളിലും വീട്ടിലും കുട്ടികള്‍ ഉള്‍വലിയുന്ന സംഭവങ്ങളും വളരെയധികമാണ്. ആത്മഹത്യയിലേക്കു വരെ നയിച്ചേക്കാവുന്ന സാഹചര്യമാണ് സംജാതമാകുക. 

കുട്ടികളുടെ തലത്തിലേക്ക് ഇറങ്ങി നിന്ന് ചിന്തിക്കുക എന്നതാണ് രക്ഷകര്‍ത്താക്കള്‍ക്ക് ചെയ്യാനാകുന്ന ഒരു കാര്യം. നഗ്നചിത്രവും മറ്റും അയച്ചുകൊടുക്കുന്നു എന്നു കണ്ടെത്താനായാല്‍ അതിലെ അരുതായ്ക ശാന്തമായി പറഞ്ഞു മനസിലാക്കുക. ഇത്തരം ആവശ്യം ആര് ഉന്നയിച്ചാലും അത് പറ്റില്ലെന്നു പറയുന്നതില്‍ ഒരു തെറ്റുമില്ലെന്ന് പഠിപ്പിക്കാനായാല്‍ അത് വലിയൊരു കാര്യമായിരിക്കും. ഇത്തരം സാഹചര്യങ്ങളിലാണ് രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ഊഷ്മളമായ ബന്ധം ഗുണകരമാകുക. നാം ചില കാര്യങ്ങള്‍ക്ക് പരിധി കല്‍പ്പിക്കണമെന്ന്കുട്ടികളെ പറഞ്ഞു മനസിലാക്കണം. 

ഇങ്ങനെ സംഭവിച്ചു കഴിഞ്ഞെങ്കിലോ? 

സംയമനം പാലിക്കല്‍ തന്നെയാണ് ഉത്തമം. ദേഷ്യപ്പെടുകയും മറ്റും ചെയ്താല്‍ കുട്ടികള്‍ പിന്നെ ഇത്തരം കാര്യങ്ങള്‍ പറയില്ല. തങ്ങളോടു പറയാന്‍ കാണിച്ച അവരുടെ ധൈര്യത്തെക്കുറിച്ചു പറയുക. അവര്‍ക്ക് പൂര്‍ണ്ണപിന്തുണ നല്‍കുക. കാര്യങ്ങള്‍ കൈയ്യില്‍ നില്‍ക്കില്ലെന്നു കണ്ടാല്‍ ചൈല്‍ഡ് ഹെല്‍പ് ലൈനിന്റെയോ നിയമപാലകരുടെയോ സഹായം തേടുക. പൊലിസില്‍ പോകേണ്ട സാഹചര്യമുണ്ടായാല്‍ കുട്ടികളുടെ അവകാശത്തെക്കുറിച്ച് ചോദിച്ചു മനസിലാക്കുക. ആ നിയമങ്ങള്‍ വച്ച് നിയമനടപടികൾ സ്വീകരിക്കുക.

ചൈൽഡ് ലൈൻ നമ്പർ - 1098

Post a Comment

0 Comments

Facebook

Search This Blog

Subscribe Us

Ad Space

Responsive Advertisement

Followers

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's.