ഭൂമിയുടെ അകക്കാമ്പ് അതിന്റെ മറ്റു ഭാഗങ്ങളെക്കാൾ വ്യത്യസ്തമായ വേഗത്തിൽ കറങ്ങുന്നു എന്ന പഠനവിവരം ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിരിക്കുന്നു. ഭൂമിയുടെ ഉൾഭാഗം ചലനാവസ്ഥയിലാണ്. ഭൗമോപരിതലത്തെ അപേക്ഷിച്ച് വ്യത്യസ്തമായ വേഗത്തിലാണ് ഉൾക്കാമ്പിന്റെ കറക്കം. ഈ കറക്കത്തിന്റെ വേഗം കുറയുകയും ഏതാനും ദശകങ്ങൾ കൊണ്ടു നിന്നുപോകുകയും പിന്നീട് വീണ്ടും പഴയതുപോലെയാകുകയും ചെയ്യും. ഭൗമഘടനയുടെ ഭാഗങ്ങളായ ഭൂവൽക്കം, മാന്റിൽ എന്നിവയെക്കാൾ അൽപം കൂടി വേഗത്തിലാണ് കാമ്പിന്റെ കറക്കം. ഇതിനു കാരണം അകക്കാമ്പ് പുറംകാമ്പിൽ ഒരു ബോൾബെയറിങ് പോലെ പ്രവർത്തിക്കുന്നതു മൂലമാണ്. ഈ പ്രതിഭാസമാണ് സൂപ്പർറൊട്ടേഷൻ.
ചാക്രികമായ മാറ്റം
ഭൗമകാന്തികമണ്ഡലത്തിനു കാരണം ഇരുമ്പും അൽപം നിക്കലും നേരിയ അളവിൽ മറ്റു മൂലകങ്ങളുമടങ്ങിയ ഉൾക്കാമ്പിന്റെ കറക്കമാണ്. അത് ഒരു ഡൈനാമോ പോലെ പ്രവർത്തിക്കുന്നു. ഭൂമിയുടെ മറ്റു ഭാഗങ്ങളെക്കാൾ വർഷത്തിൽ ഒരു ഡിഗ്രി മുതൽ മൂന്നു ഡിഗ്രി വരെ വേഗത്തിൽ മാത്രമാണ് ഉൾക്കാമ്പിന്റെ കറക്കമെങ്കിലും ഒരുകൂട്ടം ഭൂവിജ്ഞാനീയപരമായ മാറ്റങ്ങൾ ഇതുമൂലമുണ്ടാകുന്നു. ഓരോ 60 വർഷം കൂടുമ്പോഴും ഉൾക്കാമ്പിന്റെ കറക്കത്തിന്റെ വേഗത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നു. പീക്കിങ് സർവകലാശാലയിലെ സിയവൊഡോങ് സോങ്, യി യാങ് എന്നീ ഗവേഷകരാണ് കഴിഞ്ഞ അൻപതുവർഷത്തെ ഡേറ്റ വച്ച് ഈ നിഗമനത്തിലെത്തിയത്.
2009ൽ അകക്കാമ്പിന്റെ കറക്കം ഭൂമിയുടെ മറ്റു ഭാഗങ്ങളുടെ കറക്കത്തിന്റെ വേഗത്തിന് ഏകദേശം തുല്യമാകുകയും പിന്നീട് പതിയെ അതിന്റെ വേഗം കുറയുകയും ചെയ്തു. ഒരേയിടത്ത് വ്യത്യസ്ത കാലയളവുകളിൽ നടന്ന ഭൂകമ്പങ്ങൾ പഠനവിധേയമാക്കിയാണ് ഗവേഷകർ ഈ അനുമാനത്തിലെത്തിയത്. ആ പ്രദേശത്തുനിന്നുള്ള ഭൂകമ്പതരംഗങ്ങളിൽ വ്യത്യാസം കാണപ്പെട്ടു. അകക്കാമ്പിന്റെ സ്ഥാനംമാറുകയും ഭൂകമ്പതരംഗങ്ങളുടെ പടരലിൽ നേരിയ വ്യതിയാനം ഉണ്ടാകുകയും ചെയ്തു. ഭൂകമ്പമുണ്ടാകുമ്പോൾ ഭൂകമ്പതരംഗങ്ങൾ ഭൂമിയാകെ പരക്കുന്നു. ഒരു നിശ്ചിതയിടത്തുനിന്ന് എത്തുന്ന ഭൂകമ്പ തരംഗങ്ങൾ ഒരേ പോലെയിരിക്കണം. എന്നാൽ അകക്കാമ്പിൽത്തട്ടി തിരികെ വരുന്ന തരംഗങ്ങളിൽ മാറ്റം കാണപ്പെട്ടു.
1964 മുതലുള്ള ഭൂകമ്പതരംഗങ്ങളുടെ വിവരങ്ങളും പഠനവിധേയമാക്കി. ഭൂമിയുടെ കാന്തികമണ്ഡലത്തിന്റെ ഉത്തരധ്രുവം പടിഞ്ഞാറുഭാഗത്തേക്ക് അൽപം നീങ്ങിയതായി 1975ൽ നിരീക്ഷിച്ചിരുന്നു. വെസ്റ്റ് വാർഡ് ഡ്രിഫ്റ്റ് എന്ന ഈ പ്രതിഭാസത്തിനു പിന്നിൽ അകക്കാമ്പിന്റെ വ്യത്യസ്ത വേഗതയിലുള്ള കറക്കമാണെന്ന് അനുമാനിച്ചു. മറ്റു വിശദീകരണങ്ങളൊന്നും ഇതിനു നൽകാനുണ്ടായിരുന്നില്ല. 900 വർഷം കൂടുമ്പോൾ ഭൂമിയുടെ അകക്കാമ്പ് ഭൂമിയെക്കാൾ ഒരു കറക്കം കൂടുതൽ കറങ്ങും.
ഭൂമിയുടെ ആന്തരിക ഘടന
ഭൂകമ്പം, സുനാമി, അഗ്നിപർവതങ്ങൾ തുടങ്ങിയവയുടെ ഉത്ഭവത്തിനു പിന്നിൽ പ്രവർത്തിക്കുന്നത് ഭൂമിയുടെ ആന്തരികഘടകങ്ങളിലെ മാറ്റങ്ങളാണ്. ഭൂമിയുടെ വ്യാസാർധം 6370 കിമീ ആണ്. ഇത്രയും കുഴിച്ചുപോയാൽ ഭൂമിയുടെ കേന്ദ്രഭാഗത്തെത്തും. പക്ഷേ ഇതിനു സാധിക്കുകയില്ല. കാരണം ഖരാവസ്ഥയിലല്ല ഭൂമിയുടെ കാമ്പുള്ളത്. മറിച്ച് ചൂടുമൂലം മൂലകങ്ങൾ ഉരുകി ദ്രാവകാവസ്ഥയിലാണ് ഇത്. ഇതിനുള്ളിൽ പ്ലൂട്ടോ ഗ്രഹത്തിന്റെയത്രയും വലുപ്പത്തിൽ ഉൾക്കാമ്പാണ്. ഭൂമിയുടെ ഏറ്റവും പുറമേയുള്ള പാളി,– ഭൂവൽക്കം (Crust) – എന്നറിയപ്പെടുന്നതിന്റെ ഘനം 8 - 40 കിലോമീറ്ററാണ്. ഭൂഖണ്ഡങ്ങളും മഹാസമുദ്രങ്ങളും നിലനിൽക്കുന്നത് ഭൂവൽക്കത്തിലാണ്.
ഭൂമിയുടെ ഒരുശതമാനം വ്യാപ്തവും അരശതമാനം മാത്രം ദ്രവ്യമാനവുമാണ് ഭൂവൽക്കത്തിനുള്ളത്. ഭൂവൽക്കത്തിന് മഹാസമുദ്രങ്ങളുടെ താഴെ 5 കിലോമീറ്ററും ഭൂഖണ്ഡങ്ങളുടെ താഴെ 30/40 കിലോമീറ്ററും ആണ് ഘനം. ഭൂവൽക്കത്തിന്റെ തൊട്ടുതാഴെ 2900 കി.മീ ഘനമുള്ള (വ്യാസാർധമുള്ള) മാന്റിൽ(Mantle) എന്ന പ്രദേശമാണ്. ഇതിന് ഭൂമിയുടെ 67 ശതമാനം ദ്രവ്യമാനവും 84 ശതമാനം വ്യാപ്തവുമുണ്ട്. ഭൂമിയുടെ കാമ്പിന് (Core) രണ്ടു ഘടകങ്ങളുണ്ട്. ദ്രാവകരൂപത്തിലുള്ള പുറംകാമ്പും (Outer core) ഘരാവസ്ഥയിലുള്ള അകക്കാമ്പും (Inner core). പുറംകാമ്പിന്റെ ഘനം 2250 കി.മീ , അകക്കാമ്പിന്റെ ഘനം 1220 കി.മീ എന്നിങ്ങനെയാണ്.
ഇംഗെ ലേമാന്റെ കണ്ടെത്തൽ
1936ൽ ഇംഗെ ലേമാൻ എന്ന ഡെൻമാർക്കുകാരിയായ ഭൂകമ്പ ശാസ്ത്രജ്ഞയാണ് ഭൂമിക്കൊരു അകക്കാമ്പുണ്ടെന്നു കണ്ടെത്തിയത്. ഭൂമിയുടെ കാമ്പ് ദ്രാവകാവസ്ഥയിലുള്ള ഒരു ഗോളമാണെന്ന് അതുവരെ കരുതിയിരുന്നു. എന്നാൽ ഭൂകമ്പതരംഗങ്ങൾ നിരീക്ഷിച്ചതിൽനിന്നും രണ്ടു വ്യത്യസ്ത ദ്രവ്യാവസ്ഥകൾ കാമ്പിനുണ്ടെന്ന് ഇംഗെ ലേമാൻ കണ്ടെത്തി. ഭൂവിജ്ഞാനീയപരമായ ഇത്തരം മാറ്റങ്ങൾ നിരീക്ഷിക്കുന്ന ഉപകരണങ്ങൾ പ്രചാരത്തിലായിട്ട് ഒരു നൂറ്റാണ്ടു മാത്രമേ ആകുന്നുള്ളു.
ഭൂകമ്പതരംഗങ്ങൾ, ഭൂവിജ്ഞാനീയപരമായ മറ്റു മാറ്റങ്ങൾ, ഭൗമകാന്തികമണ്ഡലത്തിലെ വ്യതിയാനങ്ങൾ, കാന്തികധ്രുവങ്ങളുടെ സ്ഥാനചലനം എന്നിവയൊക്കെ ഉൾക്കാമ്പിന്റെ കറക്കത്തെ സൂചിപ്പിക്കുന്നവയാണ്. ഇതുകൂടാതെ ആന്തരികമായ മാറ്റങ്ങൾ മൂലം ഭൂമിയുടെ കറക്കത്തിൽ സൂക്ഷ്മമായ വ്യതിയാനമുണ്ടാകുകയും ദിവസത്തിന്റെ ദൈർഘ്യം വർധിക്കുകയോ കുറയുകയോ ചെയ്യും.
ഭൗമപ്രതിഭാസങ്ങളുടെ കാരണം
ഭൂവൽക്ക പാളികളുടെ ചലനമാണ് ഭൂകമ്പങ്ങൾക്കു പിന്നിൽ. ഭൗമാന്തർഭാഗത്തെ തീവ്രമായ മാറ്റങ്ങൾ അഗ്നിപർവത സ്ഫോടനങ്ങൾക്കു കാരണമാകുന്നു. ഭൗമാന്തർഭാഗത്തെ മർദ്ദം അവിടുള്ള താപമേറിയ ദ്രവ്യത്തെ പൊട്ടിത്തെറിയിലൂടെ അഗ്നിപർവതത്തിന്റെ രൂപത്തിൽ പുറംതള്ളുന്നു. കുറച്ചു ദശകങ്ങൾ കൂടുമ്പോൾ ചാക്രികമായി ഉണ്ടാകുന്ന ആഗോള താപനിലയിലെ മാറ്റങ്ങൾ, സമുദ്രനിരപ്പ് വർധിക്കുന്നത് എന്നിവ അകക്കാമ്പിന്റെയും മാന്റിലിന്റെയും വ്യത്യതമായ കറക്കവേഗങ്ങൾ കൊണ്ടാണെന്ന് അനുമാനം.
ഭൗമകാന്തികമണ്ഡലത്തിനുണ്ടാകുന്ന മാറ്റങ്ങളും ഈ പ്രതിഭാസങ്ങൾക്കു കാരണമാകുന്നു എന്ന നിഗമനവുമുണ്ട്. കുറച്ചു ദശകങ്ങൾ കൂടുമ്പോൾ കാലാവസ്ഥയിൽ മാറ്റമുണ്ടാകുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നത് ഭൗമാന്തർഭാഗത്തെ മാറ്റങ്ങളാണ്. അതു ദിവസത്തിന്റെ ദൈർഘ്യത്തിൽ മാറ്റമുണ്ടാക്കുകയും ഭൗമോപരിതലത്തിലെ നിശ്ചിതയിടങ്ങളിൽ സൂര്യപ്രകാശമെത്തുന്നതിന്റെ അളവിൽ വ്യതിയാനം വരുത്തുകയും വ്യത്യസ്തമായ അന്തരീക്ഷപ്രതിഭാസങ്ങൾക്കു കാരണമാകുകയും ചെയ്യും. ഭൂമിയെക്കുറിച്ച് ഇനിയും വളരെയേറെ അറിയാനുണ്ട് എന്ന് കരുതണം.
0 Comments
Thanks