ഇന്റര്‍നെറ്റ് ഇല്ലാത്ത ഒരു ലോകം!. അങ്ങനെയൊന്നു സംഭവിക്കാൻ സാധ്യതയില്ലെന്നു പറയാൻ വരട്ടെ. ദേ ഈ പഠനം ഒന്നു കാണൂ. 2024-2025 കാലഘട്ടത്തില്‍ അത് സംഭവിക്കാനുള്ള സാധ്യത 1.6-12 ശതമാനം വരെയുണ്ടെന്ന് പ്രവചിച്ചിരിക്കുകയാണ്. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ കംപ്യൂട്ടര്‍ സയന്‍സ് വിദഗ്ധ സംഗീതാ അബ്ദു ജ്യോതി നടത്തിയ പഠനത്തിലാണ് ഇത്തരം ഒരു സാധ്യതയെക്കുറിച്ചുളള മുന്നറിയിപ്പുള്ളത്. ഇതിനെ ഇന്റര്‍നെറ്റ് മഹാദുരന്തം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. സൗരക്കൊടുങ്കാറ്റ് മൂലമാണ് ഇതിന് ഇതുണ്ടാകുക. അത്തരത്തിലൊന്ന് 2012ല്‍ ഭൂമിയെ തൊട്ടു തൊട്ടില്ല എന്ന രീതിയില്‍ കടന്നുപോയിരുന്നു. ഇത് വന്‍ ആഘാതം സൃഷ്ടിച്ചാല്‍, അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതിദിനം 7 ബില്ല്യന്‍ ഡോളര്‍ നഷ്ടംവരുത്തിയേക്കുമെന്നും വിലയിരുത്തപ്പെടുന്നു.
സോളാര്‍ മാക്‌സിമം
സൂര്യനില്‍ ഇടയ്ക്കിടെ കാണപ്പെടുന്ന ആളിക്കത്തലുകള്‍. ഇത് പാരമ്യത്തിലെത്തുന്ന അവസ്ഥയെ ആണ് സോളാര്‍ മാക്‌സിമം എന്നു വിശേഷിപ്പിക്കുന്നത്. അതാണ് വരും വര്‍ഷങ്ങളില്‍ സംഭവിച്ചേക്കുമെന്ന് പറയുന്നത്. ഇത്തരത്തിലുള്ള സൗരക്കൊടുങ്കാറ്റുകള്‍ ഇദ്യമായല്ല ഭൂമിക്ക് ഭീഷണിയാകുന്നത്. 1859 ല്‍ ഉണ്ടായ ക്യാരിങ്ടണ്‍ സംഭവത്തില്‍ (Carrington event) ടെലഗ്രാഫ് ഉപകരണങ്ങൾ തീപിടിച്ചു നശിച്ചു. ക്യുബെക്കിലുള്ള ഒരു വൈദ്യുതി നിലയത്തെ 1989ൽ ഇത്തരത്തിലുള്ള സൗരക്കാറ്റ് മണിക്കൂറുകളോളം താറുമാറാക്കി. സോളാര്‍ മാക്‌സിമം സംഭവിച്ചാല്‍ ഒരു ദിവസത്തേക്കു മാത്രമായും പ്രശ്‌നങ്ങള്‍ വരാം. അത് സാറ്റലൈറ്റുകള്‍ക്ക് ഭീഷണിയാകാം. റേഡിയോ സിഗ്നലുകള്‍ ഇല്ലാതായേക്കാം, ആശയക്കൈമാറ്റ സംവിധാനങ്ങളും, വൈദ്യുതിയും നിലച്ചേക്കാം. ഒരു ദിവസത്തേക്കു മാത്രമല്ല, ഇത് മാസങ്ങള്‍ നീളാമെന്നും പറയുന്നു.
നേരിടാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയോ?
ഇന്റര്‍നെറ്റ് മഹാദുരന്തത്തെക്കുറിച്ചുള്ള വിശദമായ പഠനത്തിനായി നാസ ഒരു സ്‌പെയ്‌സ്‌ക്രാഫ്റ്റ് 2018ല്‍ വിക്ഷേപിച്ചിട്ടുണ്ട് എന്ന് ദി വെതര്‍ ചാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സൂര്യനില്‍ നിന്ന് ഭൂമിയിലെത്തുന്ന കാറ്റില്‍ ഇത്തരം ഒരു ആഘാതത്തിന്റ സാധ്യതകളെക്കുറിച്ചുള്ള ധാരാളം വിവരങ്ങളുണ്ടെന്ന് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ സ്റ്റിയൂവര്‍ട് ബെയ്‌ലും പറയുന്നു. വാര്‍ത്താവിനിമയ സംവിധാനത്തെ താറുമാറാക്കാനുള്ള എന്തുമാത്രം ശേഷിയാണ് ഇതില്‍ ഉണ്ടായിരിക്കുക തുടങ്ങിയ കാര്യങ്ങളായിരിക്കും ഇനി പഠനവിധേയമാക്കുക.
നമ്മുടെ ഇന്റര്‍നെറ്റ് ട്രാഫിക് വഹിക്കുന്ന സമുദ്രാന്തര്‍ഭാഗത്തുള്ള കേബിളുകളെ സൗരക്കൊടുങ്കാറ്റ് ബാധിച്ചേക്കാമെന്ന് ജ്യോതിയും പറയുന്നു. അങ്ങനെ സംഭവിച്ചാല്‍ അത് ശരിയാക്കിയെടുക്കണമെങ്കില്‍ മാസങ്ങള്‍ തന്നെ വേണ്ടിവരുമെന്നാണ് ജ്യോതിയുടെ പഠനം പറയുന്നത്. അത് ഒരു ആഗോള ദുരന്തത്തിൽ കലാശിക്കാമെന്ന് എടുത്തുപറയേണ്ട കാര്യമില്ലല്ലോ.
0 Comments
Thanks