ജനപ്രിയ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിന്റെ 'പ്രൊഫൈൽ ട്രാൻസ്ഫർ' ഫീച്ചർ ഇന്ത്യയിലെത്തി. പാസ്‌വേഡ് പങ്കിടുന്നത് തടയാൻ നെറ്റ്ഫ്ലിക്സ് അടുത്തിടെ അവതരിപ്പിച്ച ഫീച്ചറാണിത്. പുതിയ ഫീച്ചർ ഇപ്പോൾ എല്ലാ വരിക്കാർക്കും ലഭ്യമാണെന്ന് നെറ്റ്ഫ്ലിക്സ് അധികൃതർ അറിയിച്ചു. ഈ ഫീച്ചർ വഴി ഉപയോക്താക്കൾക്ക് അവരുടെ സ്വന്തം പ്രൊഫൈലിലെ വ്യക്തിഗത ശുപാർശകൾ, വ്യൂവിങ് ഹിസ്റ്ററി, മൈ ലിസ്റ്റ്, സേവ്‌ഡ് ഗെയിം, മറ്റ് മുൻഗണനകൾ എന്നിവ പുതിയ അക്കൗണ്ടിലേക്ക് കൈമാറാൻ അനുവദിക്കുമെന്ന് കമ്പനി അറിയിച്ചു.
പുതിയ ഫീച്ചറിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനായി ഉപഭോക്താക്കൾക്ക് ഇമെയിലുകൾ ലഭിച്ചു തുടങ്ങി. നിങ്ങളുടെ പേയ്‌മെന്റ് വിവരങ്ങൾ ഒരിക്കലും കൈമാറില്ല, കുട്ടികളുടെ പ്രൊഫൈലുകൾ കൈമാറാൻ കഴിയില്ല. ഒരു പ്രൊഫൈലുമായി ബന്ധിപ്പിച്ചിരിക്കുന്ന എല്ലാ സേവ് ചെയ്ത ഗെയിമുകളും മറ്റു ഗെയിം വിവരങ്ങളും പുതിയ അക്കൗണ്ടിലേക്ക് മാറ്റാമെന്നും അറിയിച്ചു. അതായത് നിലവിലെ ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് എല്ലാ ഹിസ്റ്ററിയും വിവരങ്ങളും കൈമാറാൻ കഴിയും.
മറ്റൊരു അക്കൗണ്ടിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്കും തുടക്കം മുതൽ എല്ലാ വിവരങ്ങളും നൽകി പുതിയ അക്കൗണ്ട് തുടങ്ങാൻ ആഗ്രഹിക്കാത്തവർക്കും ഇത് പ്രത്യേകിച്ചും സഹായകരമാണ്. പ്രൊഫൈൽ ട്രാൻസ്ഫർ ഫീച്ചർ ഉപയോക്താക്കൾക്ക് അവരുടെ നിലവിലുള്ള സെറ്റിങ്സ് എളുപ്പത്തിൽ സജ്ജീകരിക്കാനും മറ്റൊന്നിലേക്ക് മാറ്റാനും കഴിയും. കൂടാതെ പഴയ അക്കൗണ്ടിൽ നിന്ന് പുതിയതിലേക്ക് ഹിസ്റ്ററി മാറ്റാനും സ്ട്രീമിങ് തുടരാനും സാധിക്കും.
നിങ്ങളുടെ പ്രൊഫൈൽ പകർത്തുമ്പോൾ പഴയ പ്രൊഫൈലിന്റെ ഒരു ബാക്കപ്പും നിലവിലുള്ള പ്രൊഫൈലിൽ സൂക്ഷിച്ചിരിക്കും. ഈ വർഷം മാർച്ച് മുതൽ കോസ്റ്റാറിക്ക, ചിലെ, പെറു തുടങ്ങിയ തെക്കേ അമേരിക്കൻ രാജ്യങ്ങളിലാണ് നെറ്റ്ഫ്ലിക്സ് പുതിയ ഫീച്ചർ ആദ്യമായി പരീക്ഷിച്ചത്. ഇപ്പോൾ ഇന്ത്യയിലും ലഭ്യമാണ്. പ്രീമിയം സബ്‌സ്ക്രിപ്‌ഷനുകള്‍ എടുക്കുന്നവര്‍ പണമീടാക്കിയും അല്ലാതെയും അവരുടെ അക്കൗണ്ടുകള്‍ ഷെയര്‍ ചെയ്യുന്നത് വര്‍ധിച്ചതോടെയാണ് പാസ്‌വേഡ് ഷെയറിങ് തടയിടാന്‍ നെറ്റ്‌ഫ്ലിക്‌സ് പുതിയ ഫീച്ചർ അവതരിപ്പിച്ചത്.
മാസങ്ങൾക്ക് മുന്‍പ് പ്രഖ്യാപിച്ച 'ബേസിക് വിത്ത് ആഡ്‌സ്' സ്ട്രീമിങ് പ്ലാൻ നവംബര്‍ മൂന്നിന് അവതരിപ്പിക്കുമെന്നും നെറ്റ്ഫ്ലിക്സ് നേരത്തേ അറിയിച്ചിരുന്നു. പരസ്യ ദാതാക്കാള്‍ക്ക് ആവേശകരമായ രീതിയിലാണ് നെറ്റ്ഫ്ലിക്‌സ് പ്ലാന്‍ തയാറാക്കുന്നത്. പുതിയ പദ്ധതി പ്രകാരം പരസ്യങ്ങള്‍ 15 മുതല്‍ 30 സെക്കന്‍ഡ് വരെ ദൈർഘ്യമുള്ളതായിരിക്കും.
0 Comments
Thanks